ഇന്നലെ നടന്ന മത്സരത്തിൽ റയോ വയാക്കാനോയുമായി തോൽവി വഴങ്ങിയതിനു പിന്നാലെ ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ് കൂമാനെ ബാഴ്‌സലോണ പുറത്താക്കി. ഈ സീസണിലെ ദയനീയ പ്രകടനമൂലം ലീഗിൽ ഒൻപതാം സ്ഥാനത്താണ് ബാഴ്‌സലോണ. റഡാമൽ ഫാൽകാവോ നേടിയ ഒരു ഗോളിലാണ് റയോ വയോകാനോ ബാഴ്‌സലോണക്കെതിരെ വിജയം നേടിയത്. റയോ വയോകാനോകെതിരെയുള്ള പരാജയത്തിനു ശേഷം ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ടയാണ് പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കി കാര്യം അറിയിച്ചത്.
ബാഴ്‌സലോണ അവരുടെ ഔദ്യോഗിക പ്രസ്‌താവനയിൽ "ക്ലബിനു വേണ്ടി നൽകിയ സേവനങ്ങളോട് നന്ദി പറയുന്നതിനൊപ്പം അദ്ദേഹത്തിന്റെ പ്രൊഫെഷണൽ കരിയറിന് എല്ലാ വിധ ആശംസകൾ നേരുന്നു" എന്ന് വ്യക്തമാക്കി.
ഒരു കോപ്പ ഡെൽ റേ കിരീടമാണ് കൂമാനു കീഴിൽ ബാഴ്‌സലോണ വിജയിച്ചിട്ടുള്ളത്. ബയേൺ മ്യൂണിക്കുമായുള്ള 8-2ന്റെ തോൽവിക്കു പിന്നാലെ ക്വിക്കെ സെറ്റിയനെ പുറത്താക്കിയതിനു പകരക്കാരനായാണ് കൂമാൻ ബാഴ്‌സലോണ പരിശീലകനാവുന്നത്. കൂമാനു പകരക്കാരനായി ബാഴ്‌സലോണ പരിശീലകനാകാൻ ഏറ്റവും കൂടുതൽ സാധ്യത, ബാഴ്‌സലോണ ഇതിഹാസം സാവിയാണ്.
Post a Comment