കഴിഞ്ഞ സീസണിലെ ഫ്ലോപ്പായ 5 ട്രാൻസ്ഫെറുകൾ

കഴിഞ്ഞ സീസണിലെ ഫ്ലോപ്പായ 5 ട്രാൻസ്ഫെറുകൾ

ക്ലബ്ബ് തലത്തിൽ 2021-22 സീസൺ അവസാനിച്ചതിന് പിന്നാലെ ട്രാൻസ്ഫെർ ജാലകം തുറന്നതോടെ ചാമ്പ്യൻസ് ലീഗും, ലീഗ് കിരീടവും മറ്റ് ആഭ്യന്തര കിരീടങ്ങളും ലക്ഷ്യമിട്ട് അടുത്ത സീസണിൽ ടീമിലേക്ക് മികച്ച കളിക്കാരെ എത്തിക്കാനുള്ള ഓട്ടത്തിലാണ് എല്ലാ ക്ലബുകളും. ചില ക്ലബ്ബുകൾ, തങ്ങൾ ലക്ഷ്യമിട്ട ചില താരങ്ങൾ ടീമിൽ എത്താൻ വേണ്ടി മില്ല്യൺ കണക്കിന് യൂറോയാണ് ചിലവഴിക്കുന്നത്.

എന്നാൽ കഴിഞ്ഞ സീസണിൽ വമ്പൻ തുക മുടക്കി ടീമിൽ എത്തിച്ചിട്ടും പ്രതീക്ഷക്കൊത്ത നിലവാരത്തിൽ എത്താതെ ടീമിൽ ഫ്ലോപ്പായ പ്രധാനപെട്ട 5 ട്രാൻസ്ഫെറുകൾ ഒന്ന് നമ്മുക്ക് പരിശോധിക്കാം.


1) ലുകാക്കു

97.5 മില്ല്യൺ യൂറോ നൽകി ക്ലബ് റെക്കോർഡ് തുകക്കാണ് ഇൻ്റർ മിലാനിൽ മിന്നും ഫോമിൽ നിന്ന ലുകാക്കുവിനെ ചെൽസി സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ എത്തിച്ചത്. പക്ഷേ ഇന്റർ മിലാനിൽ കണ്ട ലുകാക്കുവിനെ ആയിരുന്നില്ല സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ കണ്ടത്. ക്ലബ്ബ് പ്രതീക്ഷിച്ച നിലവാരത്തിൽ എത്താൻ ലുകാക്കുവിൽ സാധിച്ചില്ല. പ്രീമിയർ ലീഗിൽ 26 മത്സരങ്ങളിൽ നിന്നും 8 ഗോൾ മാത്രമാണ് താരം നേടിയത്. സീസണിൽ ഉടനീളം താരം നേടിയത് 44 കളിയിൽ നിന്ന് 15 ഗോൾ മാത്രമാണ്.

2) സാഞ്ചോ

ഡോർട്ട്മുണ്ടിൽ ഗോളുകളും അസിസ്റ്റുകളുമായി നിറഞ്ഞു നിന്നിരുന്ന സാഞ്ചോയെ 85 മില്ല്യൺ യൂറോ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിൽ എത്തിച്ചത്. പക്ഷേ യൂറോ കപ്പിലെ മോശം പ്രകടനം പോലെ തന്നെ, ഈ കഴിഞ്ഞ സീസണും സാഞ്ചോ മറക്കാൻ ആഗ്രഹിക്കുന്നതാകും. പ്രീമിയർ ലീഗിൽ 29 മത്സരങ്ങളിൽ നിന്നും താരത്തിന് നേടാനായത് 3 ഗോൾ മാത്രമാണ്. സീസണിൽ ഉടനീളം താരം നേടിയത് 38 കളിയിൽ നിന്ന് 5 ഗോളും 3 അസിസ്റ്റുമാണ്.

3) ഗ്രീലിഷ്

ആസ്റ്റൻ വില്ലയിൽ നിന്ന് 117 മില്ല്യൺ യൂറോക്കാണ് ഗ്രീലിഷിനെ മാഞ്ചെസ്റ്റെർ സിറ്റി സ്വന്തമാക്കുന്നത്. പക്ഷെ ഗ്രീലിഷ് കൂടെ എത്തുന്നതോടെ ഏറെ ശക്തരാകും എന്ന് പ്രതീക്ഷിച്ച സിറ്റി ആരാധകർക്ക്, നിരാശ മാത്രം ആയിരുന്നു ഗ്രീലിഷിൻ്റെ പെർഫോമൻസിൽ കാണാൻ കഴിഞ്ഞത്. പ്രീമിയർ ലീഗിൽ തന്നെ മിക്ക മത്സരങ്ങളിലും പകരക്കാരനായിട്ടാണ് താരത്തെ പെപ്പ് ഉപയോഗിച്ചത്. 26 മത്സരങ്ങളിലാണ് ലീഗിൽ ഇത്തവണ ഗ്രീലിഷ് കളിച്ചത്.

4) റാമോസ്

ഫ്രീ ട്രാൻസ്ഫെറിൽ റയൽ മാഡ്രിഡിൽ നിന്ന് പി എസ് ജി എക്കാലത്തെയും മികച്ച ഡിഫണ്ടർമാരിൽ ഒരാളെ റാമോസ്സിനെ സ്വന്തമാക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യത ഏറെ കൂടുതലായിരുന്നു. പക്ഷേ മാഡ്രിഡിൽ ഉണ്ടായിരുന്നപ്പോൾ തുടർന്ന പരിക്ക് ഈ സീസണിൽ പകുതിയിലധികവും റാമോസിനെ പുറത്ത് ഇരുത്തി. ആകെ കളിച്ചത് 13 മത്സരങ്ങൾ മാത്രമാണ്, താരത്തിന് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ പോലും പറ്റിയില്ല. വർഷം 12 മില്ല്യൺ യൂറോയാണ് പി എസ് ജി യിൽ താരത്തിന്റെ വേതനം.

5) മെസ്സി

നീണ്ട 17 വർഷമായി ബാഴ്‌സലോണയിൽ തുടർന്ന മെസ്സിയെ വേറെ ക്ലബ് ജേഴ്സിയിൽ കാണാൻ സാധിക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഫ്രീ ട്രാൻസ്ഫറിൽ ബാഴ്‌സലോണയിൽ നിന്നും പാരീസിൽ എത്തിയ മെസ്സി തന്നെ ആയിരുന്നു ടോപ്പ് 5 ലീഗിൽ ഏറ്റവും സാലറി മേടിക്കുന്ന താരവും. MSN യുഗം പോലെ മെസ്സി നെയ്മർ എംബാപ്പെ ട്രിയോ റിപ്പീറ്റ് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ മാത്രമായിരുന്നു ഫലം. മെസ്സിയിൽ നിന്നും കാണാൻ കഴിഞ്ഞത് ബാഴ്‌സലോണയിൽ കാഴ്ച്ചവെച്ച പെർഫോമെൻസിന്റെ നിഴൽ മാത്രമായിരുന്നു. ഫ്രഞ്ച് ലീഗിൽ 26 കളികളിൽ നിന്നും 6 ഗോൾ മാത്രമാണ് താരം നേടിയത്. സീസണിൽ ഉടനീളം താരം നേടിയത് 34 കളികളിൽ നിന്ന് 11 ഗോൾ 14 അസിസ്റ്റ്.




Post a Comment

Previous Post Next Post