ഏഴ് വർഷം പിഎസ്‌ജിക്കായി കളിച്ച ഡി മരിയ ഈ സീസണ് ശേഷം ഫ്രീ ഏജന്റായി ലീഗ് വൺ വിടുമെന്ന് ഉറപ്പാണ്. ഫ്രീ ഏജന്റായി താരം പിഎസ്‌ജി വിടുന്നത് കൊണ്ട് തന്നെ താരത്തിനായി യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ ഒരു മത്സരം തന്നെ നടക്കാനിടയുണ്ട്. പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ഒരു വർഷത്തെ കരാർ വാഗ്ദാനം ചെയ്തിരിക്കുകയാണ് ജുവെന്റസ്.
നിലവിൽ താരത്തിന് ഒരു വർഷത്തെ കരാറാണ് ജുവെന്റസ് വാഗ്ദാനം ചെയ്തത്, അതുകൊണ്ട് തന്നെ രണ്ട് വർഷത്തെക്കെങ്കിലും കരാർ ലഭിക്കണമെന്ന നിലപാടിലാണ് താരം. ഇത് സംബന്ധിച്ച് ചർച്ചകൾ താരം ക്ലബ്ബുമായി നടത്തികൊണ്ടിരിക്കുകയാണ്. മുന്നേറ്റ താരം ഡിബാല ക്ലബ്ബ് വിടുമെന്ന കാര്യം ഉറപ്പായിരിക്കെ ഡി മരിയയുടെ നിലവാരവും അനുഭവപരിചയവും ജുവെന്റസിന് ഗുണകരമാകുമെന്നാണ് പരിശീലകൻ അല്ലെഗ്രി കരുതുന്നത്.
ഒരു വർഷത്തേക്ക് കൂടി ഡി മരിയയുമായി കരാർ പുതുക്കാനുള്ള ക്ലോസ് പിഎസ്‌ജിക്ക് ഉണ്ടായിരുന്നെങ്കിലും, ഏഴ് വർഷം പിഎസ്‌ജിക്കായി കളിച്ച താരവുമായി കരാർ പുതുക്കണ്ട എന്ന നിലപാടിലാണ് ക്ലബ്ബ്. മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നതെങ്കിലും പരിശീലകൻ പോച്ചെറ്റിനോയുടെ ആദ്യ പതിനൊന്നിൽ സ്ഥിര സാന്നിദ്ധ്യമല്ലാത്ത താരം. മിക്ക കളികളിലും പകരക്കാരനായാണ് താരം ഇറങ്ങുന്നതെങ്കിലും മികച്ച പ്രകടനമാണ് താരം പിഎസ്‌ജിക്കായി കാഴ്ച്ച വെക്കുന്നത്.
ജുവെന്റസിന് പുറമെ താരത്തിനായി ലാ ലീഗ ക്ലബ്ബുകളായ ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, താരത്തിന്റെ മുൻ ക്ലബ്ബ് ബെൻഫിക്കയെല്ലാം രംഗത്തുണ്ട്.
Post a Comment