ലാ ലീഗയിൽ മല്ലോർക്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ ബാഴ്‌സലോണക്ക് വേണ്ടി അൻസു ഫാത്തി കളിച്ചേക്കുമെന്ന് റിപ്പോർട്ട്. താരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിശീലനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി അൻസു ഫാത്തിക്ക് ബാഴ്‌സലോണക്ക് വേണ്ടി കളിക്കാൻ സാധിച്ചിട്ടില്ല.
മല്ലോർക്കയ്‌ക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് പരിശീലകൻ സാവി അൻസു ഫാത്തി കളിച്ചേക്കുമെന്ന സൂചന നൽകിയത്. " ഞങ്ങൾ നാളെ ടീമിനെ പ്രഖ്യാപിക്കും. എല്ലാം ശരിയാണെങ്കിൽ, അവൻ കുറച്ച് മിനിറ്റെങ്കിലും മല്ലോർക്കക്കെതിരെ കളിക്കും."- സാവി പറഞ്ഞു.
കോപ്പ ഡെൽ റേയിൽ അത്‌ലറ്റിക് ബിൽബാവോക്കെതിരെയുള്ള മത്സരത്തിനിടെയാണ് അൻസു ഫാത്തിക്ക് പരിക്ക് പറ്റിയത്. പരിക്ക് പറ്റിയതിനെ തുടർന്ന്, കരഞ്ഞുകൊണ്ടായിരുന്നു താരം അന്ന് മൈതാനം വിട്ടത്. ഹാംസ്ട്രിംഗിന് പരിക്ക് പറ്റിയ താരത്തിന് മൂന്ന് മാസത്തെ വിശ്രമം വേണമെന്നായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചത്.
അവസാനം കഴിഞ്ഞ മൂന്ന് മത്സരത്തിലും പരാജയപ്പെട്ട ബാഴ്‌സലോണയെ സംബന്ധിച്ചെടുത്തോളം പരിക്കിൽ നിന്ന് മുക്തമായി അൻസു ഫാത്തി തിരിച്ചെത്തുന്നത് വളരെ ആശ്വാസകരമായ വാർത്തയാണ്. നാളെ നടക്കുന്ന മത്സരത്തിൽ മല്ലോർക്കയെ പരാജയപ്പെടുത്താൻ സാധിച്ചാൽ അവർക്ക് ലാ ലീഗ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്താൻ സാധിക്കും.
Post a Comment