ഈ വർഷം നവംബറിൽ നടക്കുന്ന ഖത്തർ ലോകകപ്പിൽ, എറ്റവും കൂടുതൽ ടിക്കറ്റിന് ആവിശ്യം അർജൻ്റീനയുടെ മത്സരങ്ങൾക്കെന്ന് ഫിഫയുടെ ഔദ്യോഗിക റിപ്പോർട്ട്. ഏപ്രിൽ അഞ്ചാം തിയ്യതി തുടങ്ങി ഇരുപത്തിയെട്ടാം തിയ്യതി അവസാനിച്ച ഏറ്റവും പുതിയ റാൻഡം സെലക്ഷൻ ഡ്രോ സെയിൽസിൽ ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം 2 കോടി 35 ലക്ഷം ആയി.
അർജന്റീന, ബ്രസീൽ, ഫ്രാൻസ്, അമേരിക്ക, മെക്‌സിക്കോ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് അപേക്ഷകരിൽ കൂടുതൽ. ഫിഫയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ടിക്കറ്റിന് അപേക്ഷിച്ചവർ അർജൻ്റീനയിൽ നിന്നുള്ളവരാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ അപേക്ഷകർ വന്ന നാല് മത്സരങ്ങളിൽ മൂന്നെണ്ണവും അർജന്റീനയുടെ മത്സരങ്ങളാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ മെക്‌സിക്കോ, സൗദി അറേബ്യ, പോളണ്ട് എന്നീ ടീമുകൾക്കെതിരെയുള്ള അർജന്റീനയുടെ മത്സരങ്ങൾക്കാണ് ആവശ്യക്കാർ ഏറെയാണ്. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുന്ന ഇംഗ്ലണ്ട് അമേരിക്ക മത്സരത്തിനും ആവശ്യക്കാർ ഏറെയാണ്.
നിലവിൽ ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് അർജൻ്റീന. കൂടാതെ, മെസ്സിയുടെ അവസാനത്തെ ലോകകപ്പാവാൻ സാധ്യതയുള്ളതുകൊണ്ട് തന്നെയാണ് അർജന്റീനയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാർ വർദ്ധിക്കാൻ കാരണം.
ടിക്കറ്റിന് അപേക്ഷിച്ചവർ ഫിഫ മുന്നോട്ടുവെക്കുന്ന നിയന്ത്രണങ്ങളും ആവശ്യകതകളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമെ ടിക്കറ്റ് അനുവദിക്കൂ. ലഭ്യമായ ടിക്കറ്റുകളുടെ എണ്ണത്തേക്കാൾ ആവശ്യക്കാർ കൂടുതലാണെങ്കിൽ റാൻഡം സെലക്ഷൻ നറുക്കെടുപ്പിലൂടെ ടിക്കറ്റുകൾ അനുവദിക്കൂ എന്ന് ഫിഫ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ലഭിച്ചാൽ ഇ മെയിൽ വഴിയാണ് ഫിഫ ടിക്കറ്റ് ലഭിച്ച കാര്യം ആരാധകനെ അറിയിക്കുക.
Post a Comment