എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കിയ ഞെട്ടലിലും അമർഷത്തിലുമാണ് റയൽ മാഡ്രിഡ് ആരാധകർ. കഴിഞ്ഞ കുറച്ച് വർഷമായി, റയൽ മാഡ്രിഡ് താരത്തിൻ്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ 200 മില്ല്യൺ യൂറോ വരെ എംബാപ്പക്ക് റയൽ മാഡ്രിഡ് വാഗ്ദാനം ചെയ്തിട്ടും താരത്തെ വിട്ടു കൊടുക്കാൻ പിഎസ്‌ജി തയ്യാറായിരുന്നില്ല. റയൽ മാഡ്രിഡിൽ കളിക്കുകയെന്നത് തൻ്റെ കുട്ടികാലം മുതലുള്ള ആഗ്രഹമാണെന്ന് പറഞ്ഞ താരം, പിഎസ്‌ജിയുമായി കരാർ അവസാനിച്ച് പുതുക്കാതിരുന്നതോടെ താരം റയൽ മാഡ്രിഡിലേക്ക് തന്നെ ചേക്കേറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് റയൽ മാഡ്രിഡ് ആരാധകരെ നിരാശപ്പെടുത്തി താരം പിഎസ്‌ജിയുമായി കരാർ പുതുക്കിയത്. ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സാന്തിയാഗോ ബെർണബ്യുവിൽ എത്തിക്കാമെന്ന് പ്രതീക്ഷിച്ച റയൽ മാഡ്രഡിന് കനത്ത തിരിച്ചടിയായിരുന്നു താരത്തിൻ്റെ തീരുമാനം. കൂടാതെ എംബാപ്പെക്ക് വേണ്ടി കാത്തു നിന്ന് ഡോർട്ട്മുണ്ട് താരമായിരുന്ന ഹാലണ്ടിനെയും റയൽ മാഡ്രിഡിന് നഷ്ടപ്പെടാനുള്ള കാരണമായി അത്.
തുടർന്നാണ് റയൽ മാഡ്രിഡിൻ്റെ കുറച്ച് ആരാധകർ ട്വിറ്ററിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരിച്ച് സാൻ്റിയാഗോ ബെർണബ്യുവിലേക്ക് കൊണ്ട് വരൂ എന്ന ഹാഷ്‌ടാഗുമായി രംഗത്തെത്തിയത്. പക്ഷേ മാഞ്ചസ്റ്റർ യുനൈറ്റഡുമായി ഒരു വർഷം കൂടി കരാറുള്ള താരം, റയൽ മാഡ്രിഡിലേക്ക് തിരിച്ച് വരാനുള്ള സാധ്യതയില്ല. മാത്രമല്ല പുതിയ പരിശീലകനായ എറിക് ടെൻ ഹാഗിന് താരത്തെ ക്ലബ്ബിൽ നിലനിർത്താൻ താൽപ്പര്യവുമുണ്ട്.
ക്ലബ്ബിൻ്റെ ഇതിഹാസ താരമായി റയൽ മാഡ്രിഡ് ആരാധകർ കാണുന്ന താരം, ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നിരവധി കിരീടങ്ങൾ ക്ലബിനൊപ്പം നേടിയിട്ടുണ്ട്. ക്ലബ്ബിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
إرسال تعليق