ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട് പിഎസ്‌ജി പുറത്തായത് പോച്ചെറ്റിനോയെ സംബന്ധിച്ച് പ്രശ്‌നമല്ലായെന്ന് മുൻ ഇംഗ്ലണ്ട് താരം മൈക്കൾ ഓവൻ. പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുകയെന്നത് പോച്ചെറ്റിനോയെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും, മുൻ സ്പർസ് പരിശീലകൻ പ്രീമിയർ ലീഗിലെ ഒരു വലിയ ക്ലബ്ബിൽ ചേരുന്നത് താൻ കാണുന്നുണ്ടെന്നുമാണ് ബിടി സ്പോർട്ടിനോട് സംസാരിക്കവേ മൈക്കൾ ഓവൻ പറഞ്ഞത്.
"ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകുന്നത് പോച്ചെറ്റിനോ കാര്യമാക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്തായാലും ഒരു പ്രീമിയർ ലീഗ് ടീമിൽ അദ്ദേഹത്തിന്റെ കണ്ണുകൾ പതിഞ്ഞിട്ടുണ്ടെന്ന് ഞാൻ കരുതുന്നു".
"അദ്ദേഹത്തെ പിഎസ്‌ജി സമീപിച്ചപ്പോൾ തന്നെ ചാമ്പ്യൻസ് ലീഗ് നേടുകയെന്നത് ഒരു അവിശ്വസനീയമായ ജോലിയാണെന്ന് അദ്ദേഹത്തിന് മനസിലായേക്കാം, ഒരുപക്ഷേ ലീഗ് വിജയിച്ചാലും"- മൈക്കൾ ഓവൻ പറഞ്ഞു. ഈ സീസണ് ശേഷം പോച്ചെറ്റിനോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നുള്ള അഭ്യൂഹം ശക്തമാണ്.
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് ഇരുപാദത്തിലുമായി 3 നെതിരെ 2 ഗോളുകൾക്ക് പരാജയപ്പെട്ട് പുറത്തായതോടെ, പരിശീലകൻ പോച്ചെറ്റിനോ പിഎസ്‌ജിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. മെസ്സി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങളുണ്ടായിട്ടും, ടീമിന് ഇതുവരെ സ്ഥിരതയാർന്ന പ്രകടനം നടത്താൻ കഴിയാത്തത് മൂലം പോച്ചെറ്റിനോക്കെതിരെ നേരത്തെ തന്നെ വിമർശനം ഉണ്ടായിരുന്നു.
Post a Comment