സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ എവെർട്ടൺ, തങ്ങളുടെ മുന്നേറ്റ താരങ്ങളായ ബ്രസീലിയൻ താരം റിച്ചാർലിസനെയോ അല്ലെങ്കിൽ ഇംഗ്ലണ്ട് താരം കാൽവർട്ട്-ലെവിനെയോ വിൽക്കാനൊരുങ്ങുന്നു. മറ്റ് ക്ലബ്ബുകളെ അപേക്ഷിച്ച്, നിലവിൽ പ്രീമിയർ ലീഗിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് ക്ലബ്ബ് നേരിടുന്നത്.
പുറത്ത് വരുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ സീസണിൽ മാത്രം 121 മില്ല്യൺ പൗണ്ടാണ് ക്ലബ്ബിന് നഷ്ടം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 3 സീസണെടുത്താൽ അത് മൊത്തം 373 മില്ല്യൺ പൗണ്ടാണ്. പ്രീമിയർ ലീഗിലെ മറ്റു ക്ലബ്ബുകളെ വെച്ച് നോക്കുമ്പോൾ വളരെ കൂടുതലാണിത്, തുടർന്നാണ് ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാൻ തങ്ങളുടെ മുന്നേറ്റ നിരയിലെ ഒരാളെ വിൽക്കാൻ ക്ലബ്ബ് നിർബന്ധിതരായത്.
ഇംഗ്ലണ്ട് താരം കാൽവർട്ട്-ലെവിൻ 2016ലാണ് ഷെഫീൽഡ് യുണൈറ്റഡിൽ നിന്ന് എവെർട്ടണിൽ എത്തുന്നത്. വാറ്റ്‌ഫോർഡിൽ നിന്ന് 2018ലാണ് ബ്രസീലിയൻ താരം റിച്ചാർലിസണെ, ഗുഡിസൺ പാർക്കിൽ ക്ലബ്ബ് നേതൃത്വം എത്തിക്കുന്നത്. താരത്തിനായി നിലവിൽ പ്രീമിയർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡും, ലാ ലീഗ ക്ലബ്ബുകളായ റിയൽ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ ടീമുകളും രംഗത്തുണ്ട്.
ഈ സീസണിൽ മോശം പ്രകടനമാണ് ക്ലബ്ബ് കാഴ്ച്ചവെക്കുന്നത്. നിലവിൽ 17ആം സ്ഥാനത്തുള്ള ടീം, 27 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി തരം താഴ്ത്തൽ ഭീഷണി നേരിടുകയാണ്.
Post a Comment