സീരി എ വമ്പന്മാരായ ഇൻ്റർ മിലാനിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരിക്കെ, ഫ്രീ ഏജന്റായി ജുവെന്റസ് വിടുന്ന മുന്നേറ്റ താരം ഡിബാല, ക്ലബ്ബിനായി തന്റെ അവസാനത്തെ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് താരത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടായ ഇൻസ്റാഗ്രാമിലൂടെ ആരാധകരോട് യാത്ര പറഞ്ഞിരിക്കുകയാണ്.
"നിങ്ങളെ അഭിവാദ്യം ചെയ്യാനുള്ള ശരിയായ വാക്കുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്;. ഒരുപാട് വർഷങ്ങളും ഒരുപാട് വികാരങ്ങളും ഒരുമിച്ച് ഉൾച്ചേർന്നിട്ടുണ്ട്. ഇനിയും വർഷങ്ങൾ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ വിധി നമ്മളെ രണ്ടു വഴിയിലേക്ക് മാറ്റിയിരിക്കുന്നു."
"നാളെ ഈ കുപ്പായവുമായുള്ള എന്റെ അവസാന മത്സരമായിരിക്കും, സങ്കൽപ്പിക്കാൻ പ്രയാസമാണ്. പക്ഷേ ഇത് എന്റെ അവസാനത്തെ വിടവാങ്ങലായിരിക്കും, അത് എളുപ്പമല്ല, പക്ഷേ ഒരു പുഞ്ചിരിയോടെ തല ഉയർത്തി ഞാൻ മൈതാനത്തിറങ്ങും. എല്ലാം നിങ്ങൾക്കായി". താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ജുവെന്റസിന്റെ മൈതാനമായ അലയൻസ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലാസിയോയാണ് ജുവെന്റസിന്റെ എതിരാളി. താരത്തിൻ്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ജുവെന്റസ് നടത്തിയിരുന്നെങ്കിലും, താരം കരാർ പുതുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് താരത്തെ ടീമിൻ്റെ ഭാഗമായി നിലനിർത്തേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു ക്ലബ്ബ്. ജുവെന്റസിൽ പ്രതിവർഷം 7 മില്ല്യൺ വേതനം വാങ്ങുന്ന താരത്തിന്, പ്രതിവർഷം 6 മില്ല്യൺ വേതനം നൽകുന്ന 4 വർഷത്തെ കരാറാണ് ഇന്റർ മിലാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്.
പലർമോയിൽ നിന്നും 2015ൽ ജുവന്റസിൽ എത്തിയതിന് ശേഷം ക്ലബ്ബിലെ പ്രധാന താരമായിമാറിയ താരത്തിന്, യുവ സൂപ്പർ താരം വ്‌ളാഹോവിച്ച് ടീമിലേക്ക് വന്നതുമാണ് തിരിച്ചടിയായത്. ഇന്റർ മിലാന് പുറമെ താരത്തിനായി അത്‌ലറ്റിക്കോ മാഡ്രിഡും ഡോർട്ട്മുണ്ടും ശക്തമായി രംഗത്തുണ്ട്.
Post a Comment