വാൻഡ മെട്രോപൊളിറ്റാനോയിൽ സുവാരസിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി അത്ലറ്റിക്കോ ആരാധകർ

വാൻഡ മെട്രോപൊളിറ്റാനോയിൽ സുവാരസിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി അത്ലറ്റിക്കോ ആരാധകർ

അടുത്ത സീസണോടെ അത്ലറ്റിക്കോ മാഡ്രിഡിൽ ഉണ്ടാവില്ലായെന്ന് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ, ഇന്നലെ ലാ ലീഗിൽ സെവില്ലയുമായി നടന്ന മത്സരത്തിൽ മുന്നേറ്റ താരം സുവാരസിന് വികാരനിർഭരമായ യാത്രയയപ്പാണ് അത്ലറ്റിക്കോ ആരാധകർ നൽകിയത്. താരത്തിൻ്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. ഫ്രീ ട്രാൻസ്ഫെറിൽ ക്ലബ്ബ് വിടുന്ന താരത്തെ, കളിക്കളത്തിൽ നിന്ന് പരിശീലകൻ സിമിയോണി തിരിച്ച് വിളിച്ചപ്പോളായിരുന്നു താരത്തിനോട് നന്ദി പറഞ്ഞ് ആരാധകർ ബാനർ ഉയർത്തി കാണിച്ചത്.

മത്സരത്തിൽ  അത്ലറ്റിക്കോ മാഡ്രിഡ് ഒരു ഗോളിന് മുന്നിട്ട്  നിൽക്കുമ്പോൾ കളിയുടെ രണ്ടാം പകുതിയിലെ 65ആം മിനിറ്റിൽ  താരത്തെ പരിശീലകൻ കളിക്കളത്തിൽ നിന്ന് പിൻവലിക്കുന്നത്. ഈ സമയം സ്റ്റേഡിയത്തിലെ ആരാധകർ എഴുന്നേറ്റ് നിന്ന് 'ഞങ്ങളെ ചാമ്പ്യന്മാരാക്കിയതിന് നന്ദി ലൂച്ചോ' എന്ന് എഴുതിയ ബാനർ ഉയർത്തി കാണിക്കുകയായിരുന്നു . തുടർന്ന് താരം കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.

കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ ലാ ലിഗ ജേതാക്കളാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച താരത്തെ, രണ്ട് വർഷം മുമ്പാണ് അത്ലറ്റിക്കോ മാഡ്രിഡ് ബാഴ്സലോണയിൽ നിന്ന് വാൻഡ മെട്രോപൊളിറ്റാനോയിൽ എത്തിക്കുന്നത്. ഈ സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്ന താരം, അത്‌ലറ്റിക്കോക്കായി  അവസാന പതിനാല് ലീഗ് മത്സരങ്ങളിൽ നാലെണ്ണതിൽ മാത്രമാണ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്.

അത്ലറ്റിക്കോ മാഡ്രിഡ് വിടുന്ന താരത്തിൻ്റെ ഭാവി ഇപ്പോഴും അവ്യക്തമാണ്. സുവാരസിനായി എംഎൽഎസ് ക്ലബ്ബുകൾ രംഗത്തുണ്ടെങ്കിലും, താരം ലോകകപ്പ് മുന്നിൽ കണ്ട് ഓഫർ സ്വീകരിക്കാൻ സാധ്യതയില്ല. യൂറോപ്പിൽ തുടരുക എന്നതിൽ തന്നെയാണ് താരം മുൻഗണന നൽകുന്നത്. താരത്തിനായി ആസ്റ്റൺ വില്ലയും രംഗത്തുണ്ട്.

Post a Comment

Previous Post Next Post