ഈ സീസണിന് ശേഷം ജുവന്റസ് വിടുമെന്ന് വ്യക്തമാകിയ ചില്ലിനി, താൻ എംഎൽഎസ് ലീഗിലേക്ക് ചേക്കേറുമെന്ന സൂചന നൽകി. ക്ലബ്ബിനായി അവസാന മത്സരത്തിനിറങ്ങിയ താരത്തിന് വികാരനിർഭരമായ യാത്രയയപ്പാണ് ജുവന്റസ് ആരാധകർ അലയൻസ് സ്‌റ്റേഡിയത്തിൽ നൽകിയത്. മത്സരത്തിന് ശേഷം സ്കൈ സ്പോർട്ട് ഇറ്റാലിയയോട് സംസാരിക്കവെയാണ് താരം എംഎൽഎസിലേക്ക് ചേക്കേറുമെന്ന സൂചന നൽകിയത്.
"എംഎൽഎസിൽ നിന്ന് ക്ലബ്ബുകൾ തന്നെ സമീപിച്ചിട്ടുണ്ട്. ഇറ്റലിക്ക് പുറത്ത് പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ ഞാൻ തയ്യാറാണ്. അത് എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും ആഗ്രഹിച്ച കാര്യമാണ്. ഞാൻ എന്റെ കുടുംബവുമായി ഉടൻ തീരുമാനിക്കും". താരം വ്യക്തമാക്കി. താരത്തിനായി എംഎൽഎസ് ക്ലബ്ബായ ലോസ് ഏഞ്ചൽസ് എഫ് സി രംഗത്തുണ്ട്.
ജുവെന്റസുമായി താരത്തിന് 2023 ജൂൺ വരെ കരാറുണ്ടെങ്കിലും, താരം ഈ സീസണിന് ശേഷം ക്ലബ്ബ് വിടാമെന്ന് തീരുമാനിച്ചതോടെ, നീണ്ട 17 വർഷത്തെ ക്ലബ്ബുമായുള്ള ബന്ധമാണ് താരം അവസാനിപ്പിച്ചത്. പിർലോക്കും ബഫണിനും ശേഷം ജുവെന്റസിന് വേണ്ടി ഏറ്റവും കൂടുതൽ ബൂട്ടുകെട്ടിയ താരമാണ് ചില്ലിനി. 2004ൽ ലിവോർണോയിൽ നിന്ന് ടൂറിനിൽ എത്തിയ താരം ക്ലബ്ബിനോട് വിടപറയുമ്പോൾ, നീണ്ട രണ്ടര പതിറ്റാണ്ടിന്റെ ജുവെന്റസിലെ ഒരു അദ്ധ്യായമാണ് അവസാനിക്കുന്നത്.
ജുവെന്റസിനായി ഒമ്പത് ലീഗ് കിരീടങ്ങളും അഞ്ച് ഇറ്റാലിയൻ കപ്പുകളും നേടിയ താരം, കഴിഞ്ഞ മാസം ഇന്റർകോണ്ടിനെന്റൽ ഫൈനൽ താൻ ദേശീയ ടീമിനായി ഇറങ്ങുന്ന അവസാന മത്സരമായിരിക്കുമെന്ന് പറഞ്ഞിരുന്നു.
Post a Comment