ബയേണ്‍ മ്യൂണിക്ക് മുന്നേറ്റ താരം ലെവന്‍ഡോസ്‌കിയും ക്ലബും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന താരം അത് പുതുക്കില്ലായെന്ന് വ്യക്തമാകിയതാണ്. തനിക്ക് വേണ്ടി മറ്റു ക്ലബ്ബുകൾ സമീപിച്ചാൽ അതിനെ കുറിച്ച് ചിന്തിക്കണമെന്നും താരം ഡയറക്ടർ സാലിഹാമിഡ്സിക്കിനോട് പറഞ്ഞിരുന്നു. എന്നാൽ താരത്തെ ഈ സീസണിൽ വിൽക്കില്ലായെന്ന നിലപാടിലാണ് ക്ലബ്ബ് പ്രസിഡൻ്റ് ഹെർബെർട്ട് ഹൈനർ.
"ഞാൻ നേരത്തെ പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു. 2023 വരെ അദ്ദേഹത്തിന് ബയേൺ മ്യൂണിക്കുമായി കരാറുണ്ട്. അദ്ദേഹം അത് പൂർത്തിയാക്കുക തന്നെ ചെയ്യും. നിലവിൽ അദ്ദേഹത്തിന് പകരക്കാരനില്ലാ. വർഷവും ഒട്ടനവധി ഗോളുകൾ നേടുന്ന ഒരു താരത്തെ ഞങ്ങൾ എന്തിന് മറ്റൊരു ക്ലബ്ബിന് കൊടുക്കണം."- ഹെർബെർട്ട് ഹൈനർ പറഞ്ഞു.
നേരത്തെ താരവുമായി നടത്തിയ ചർച്ചകൾ വിജയമാകാതെ വന്നപ്പോൾ 35 മുതൽ 45 മില്ല്യൺ യൂറോ ലഭിച്ചാൽ താരത്തെ ക്ലബ്ബ് വിടാൻ അനുവദിക്കാം എന്ന നിലപാടിൽ എത്തിയിരുന്നു ക്ലബ്ബ് നേതൃതം. എന്നാൽ ലെവൻഡോസ്‌കിക്ക് ഒരു പകരക്കാരനെ ഇതുവരെയും കണ്ടെത്താൻ കഴിയാത്തതാണ് ഈ സീസണിൽ താരത്തെ വിൽക്കില്ലായെന്ന തീരുമാനത്തിലെത്താൻ ബയേണ്‍ മ്യൂണിക്ക് പ്രസിഡൻ്റ് ഹെർബെർട്ട് ഹൈനറെ നിർബന്ധിതനാകുന്നത്.
മുപ്പത് വയസ് കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷത്തേക്ക് മാത്രം കരാർ നീട്ടി നൽകുന്ന ബയേൺ മ്യൂണിക്ക്, ഇപ്പോ കിട്ടുന്ന വേതനത്തെക്കാൾ കുറവ് വേതനം സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ലെവന്‍ഡോസ്‌കിക്ക് രണ്ട് വർഷത്തേക്ക് കൂടെ കരാർ നൽകാമെന്ന നിലപാടിലായിരുന്നു. എന്നൽ രണ്ടു വർഷത്തെ കരാറും പ്രതിഫലത്തിൽ വർദ്ധനവും വേണമെന്നാണ് താരം ആവിശ്യപ്പെട്ടിരുന്നത്. മുന്നോട്ട് വെച്ച് ആവിശ്യങ്ങൾ ഇരുകൂട്ടരും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
താരത്തിന് പിന്നാലെ മൂന്ന് വർഷത്തെ കരാർ വാഗ്ദാനവുമായി ബാഴ്‌സലോണയുണ്ടെന്നിരിക്കെ, താരത്തെ ഈ സീസണിൽ ക്യാമ്പ് നൗവിൽ എത്തിക്കാൻ ശ്രമിക്കുന്ന ബാഴ്‌സലോണക്ക് ആശങ്ക നൽകുന്ന കാര്യമാണ് ബയേണ്‍ മ്യൂണിക്ക് പ്രസിഡൻ്റ് ഹെർബെർട്ട് ഹൈനരിൻ്റെ വാക്കുകൾ.
Post a Comment