ചെൽസി മധ്യനിര താരം കാന്റെയെ പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ തോമസ് തുച്ചൽ. താരം ചെൽസിയുടെ എല്ലാമെല്ലാമാണ് എന്നാണ് പരിശീലകൻ പറഞ്ഞിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പരിശീലകൻ ഈ കാര്യം പറഞ്ഞത്.
"അവൻ ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്. അവനാണ് ഞങ്ങളുടെ സലായും വാൻ ഡിജിക്കും, ഡി ബ്രൂയ്നും നെയ്മറും, എംബാപ്പെയുമെല്ലാം. കളിയുടെ 40% അവൻ കളികളത്തിലുണ്ടെങ്കിൽ അതൊരു വലിയ പ്രശ്നമാണ്. കളിയിൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒരു കളിക്കാരനാണ് അവൻ. കാൻ്റെ ഇല്ലാതെ ഈ സീസണിൽ ഭൂരിഭാഗവും മത്സരങ്ങൾ കളിച്ച ഞങ്ങൾക്ക് മൂന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞത് ഒരു അത്ഭുതമാണ്."
"വാൻ ഡിജിക്ക് ഇല്ലാതെ ലിവർപൂളിന് കഴിഞ്ഞ സീസൺ കഠിനമായത് നമ്മൾ കണ്ടതാണ്. കാന്റെ ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ്. അതേപോലെ തന്നെ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കളിക്കാരനും". - തുച്ചൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചെൽസിയുമായി ഒരു വർഷം കൂടി മാത്രം കരാർ അവശേഷിക്കുന്ന താരം, കരാർ പുതുക്കി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തന്നെ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ ചെൽസി ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ പ്രധാനപെട്ട കിരീടങ്ങൾ നേടാൻ താരം മുഖ്യ പങ്കുവഹിച്ചിടുണ്ട്.
Post a Comment