ജർമനിയുടെ യുവതാരമായ അദെയെമിയെ സ്വന്തമാക്കി ഡോർട്ട്മുണ്ട്

ജർമനിയുടെ യുവതാരമായ അദെയെമിയെ സ്വന്തമാക്കി ഡോർട്ട്മുണ്ട്

ആർബി സാൽസ്ബർഗിൽ നിന്ന് ജർമനിയുടെ യുവതാരമായ കരീം അദെയെമിയെ സ്വന്തമാക്കി ഡോർട്ട്മുണ്ട്. 20കാരനായ താരത്തിന് 2027 വരെയുള്ള 5 വർഷത്തെ കരാറാണ് ഡോർട്ട്മുണ്ട് നൽകിയിരിക്കുന്നത്. താരത്തിന്റെ മെഡിക്കൽ ഡോർട്ട്മുണ്ട് ഇന്നലെ പൂർത്തിയാക്കി. അടുത്ത സീസണിലേക്കുള്ള ഡോർട്ട്മുണ്ടിന്റെ മൂന്നാമത്തെ സൈനിംഗാണ് ഇത്.

"ഡോർട്ട്മുണ്ടിന്റെ താൽപര്യത്തെക്കുറിച്ച് കേട്ടപ്പോൾ, എനിക്ക് ഡോർട്ട്മുണ്ടിൽ ചേരാൻ താൽപര്യമുണ്ടെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. ഞങ്ങൾ ഒരു ആവേശകരമായ ടീമായിരിക്കുമെന്ന് എനിക്ക് ബോധ്യമുള്ളതിനാൽ മത്സരിക്കാനും കിരീടങ്ങൾ നേടാനും ഞാൻ ദീർഘകാലത്തേക്ക് സൈൻ ചെയ്തു". -  കരാർ ഒപ്പുവെച്ചതിന് ശേഷം താരം പറഞ്ഞു.

മ്യൂണിക്കിൽ ജനിച്ച താരം ചെറുപ്രായത്തിൽ തന്നെ ബയേണ്‍ മ്യൂണിക്കിനായി കളിച്ചിരുന്നെങ്കിലും, ഒൻപതാം വയസ്സിൽ അച്ചടക്ക കാരണങ്ങളാൽ പുറത്താക്കപ്പെടുകയായിരുന്നു. അദെയെമിക്കായി ലിവർപൂൾ, ബയേൺ, ആർബി ലീപ്‌സിഗ്, ബാഴ്‌സലോണ എന്നീ ടീമുകളെല്ലാം ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും, താരം ഡോർട്ട്മുണ്ടിനെ തിരഞ്ഞെടുക്കുകയായിരുന്നു. 

2021 സെപ്റ്റംബറിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച താരം, ജർമ്മനിക്കായി 3 കളിയിൽ നിന്ന് 1 ഗോൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ 8 അസിസ്റ്റും 23 ഗോളുകളും നേടിയ താരത്തിന് ഹാലൻഡിന്റെ പകരക്കാരാനാകാനാകുമോ എന്നാണ് ഡോർട്ട്മുണ്ട് ആരാധകർ ഉറ്റുനോക്കുന്നത്.

Post a Comment

Previous Post Next Post