ഈ ട്രാൻസ്ഫർ ജാലകത്തിൽ മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ മുന്നേറ്റ താരം നെയ്മറെ പിഎസ്‌ജി, ക്ലബ്ബിൽ നിന്ന് ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. താരത്തിൻ്റെ ഉയർന്ന വേതനവും നിരന്തരമായ പരിക്കുകളും, പിച്ചിന് പുറത്തുള്ള അദ്ദേഹത്തിന്റെ നിരവധി പ്രശ്നങ്ങളും എല്ലാമായിരുന്നു ഇതിന് കാരണം. ഇപ്പോൾ പുതിയ പരിശീലകൻ ഗാൽറ്റിയർ പിഎസ്‌ജിയുടെ ചുമതലയെറ്റത്തിന് പിന്നാലെ പറഞ്ഞിരിക്കുന്നത് തനിക്ക് ടീമിൽ നെയ്മറെ ആവശ്യമുണ്ട് എന്നാണ്.
"ഏത് പരിശീലകനും അദ്ദേഹത്തെ പോലെയുള്ള താരം ടീമിലുണ്ടാകണമെന്നേ ആഗ്രഹിക്കുകയുള്ളു. നെയ്മർ ഇന്ന് ലോക ഫുട്ബാളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. തീർച്ചയായും തൻ്റെ പദ്ധതികളിൽ താരത്തിന് വ്യക്തമായ ഇടമുണ്ട്."- ഗാൽറ്റിയർ പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് 2017ലാണ് ലോക റെക്കോർഡ് തുകയായ 222 മില്യൺ യൂറോ റിലീസിംഗ് ക്ലോസ് നൽകി നെയ്‌മറെ ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജി പാരീസിൽ എത്തിക്കുന്നത്. ക്ലബ്ബിൽ എത്തി അഞ്ച് വർഷമായിട്ടും താരത്തിന് ഇതുവരെ പിഎസ്‌ജിയുടെ സ്വപ്നം നിറവേറ്റാൻ സാധിച്ചിട്ടില്ല. ഈ കഴിഞ്ഞ മെയിലാണ് നെയ്മർ ക്ലബ്ബുമായി 2025 വരെയുള്ള കരാറിൽ ഒപ്പിട്ടത്.
إرسال تعليق